സ്കൂൾ തുറക്കുംമുമ്പ് യൂണിഫോം വിതരണം ഉറപ്പ്; 79.01 കോടി രൂപ അനുവദിച്ച് സർക്കാർ
തിരുവനന്തപുരം: പുതിയ അധ്യയന വർഷത്തിന് മുമ്പായി വിദ്യാർത്ഥികൾക്ക് യൂണിഫോം വിതരണം ഉറപ്പാക്കിയതായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഒന്നുമുതല്‍ എട്ടാം ക്ലാസ്സുവരെയുള്ള 13.16 ലക്ഷം കുട്ടികള്‍ക്കായി 600 രൂപ വീതം നൽകി ആകെ 79.01 കോടി രൂപ അനുവദിച്ചുവെന്ന് മന്ത്രി പറഞ്ഞു. സൗജന്യ യൂണിഫോം പദ്ധതി രണ്ടുഘടകങ്ങളിലായാണ് നടപ്പാക്കുന്നത് – പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴിലുള്ള സൗജന്യ യൂണിഫോം വിതരണം, കൈത്തറി വകുപ്പുവഴി ലഭിക്കുന്ന സൗജന്യ കൈത്തറി യൂണിഫോം പദ്ധതി. എല്‍.പി, യു.പി സർക്കാർ സ്കൂളുകളിലും ഒന്നുമുതല്‍ നാലാം ക്ലാസ്സുവരെയുള്ള എയ്ഡഡ് എല്‍.പി സ്കൂളുകളിലും കൈത്തറി യൂണിഫോം നല്‍കും. സൗജന്യ കൈത്തറി യൂണിഫോം വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ബുധനാഴ്ച (ഏപ്രില്‍ 10) രാവിലെ 11.30ന് കഴക്കൂട്ടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കും.